ഡൽഹി സർക്കാരിൽ സ്പെഷ്യൽ എജ്യൂക്കേറ്റർ ആകാം: 450 ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15
DSSSB
📍 Delhi

ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ സ്പെഷ്യൽ എജ്യൂക്കേറ്റർ (Special Educator) ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് സുവർണാവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിവിധ സർക്കാർ സ്‌കൂളുകളിലേക്ക് 450 സ്പെഷ്യൽ എജ്യൂക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്.
മികച്ച ശമ്പളവും ആനുകൂല്യങ്ങളും
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ₹35,400 മുതൽ ₹1,12,000 വരെയുള്ള ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും. ഇതിനു പുറമെ, കേന്ദ്ര സർക്കാർ നിരക്കിലുള്ള ഡിഎ (DA), എച്ച്ആർഎ (HRA), സിസിഎ (CCA), ഗ്രേഡ് പേ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കൂടാതെ മെഡിക്കൽ സൗകര്യങ്ങളും ലഭിക്കും.
ഒഴിവുകളുടെ ഘടന
ആകെ 450 ഒഴിവുകളാണുള്ളത്. സംവരണ വിഭാഗങ്ങൾക്കനുസരിച്ച് ഒഴിവുകൾ താഴെ പറയുന്നവയാണ്:
- ജനറൽ: 184
- പിന്നാക്ക വിഭാഗം (OBC): 121
- പട്ടികജാതി (SC): 67
- സാമ്പത്തിക പിന്നാക്കം (EWS): 45
- പട്ടിക വർഗ്ഗം (ST): 33
യോഗ്യത മാനദണ്ഡങ്ങൾ
അപേക്ഷകർ താഴെ പറയുന്ന യോഗ്യതകളിൽ ഒന്ന് നേടിയിരിക്കണം:
- അംഗീകൃത ബോർഡിൽ നിന്ന് ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷ വിജയിച്ച ശേഷം സ്പെഷ്യൽ എജ്യൂക്കേഷനിൽ ഡിഎഡ് (D.Ed).
- അല്ലെങ്കിൽ, ഹയർ സെക്കൻഡറിക്ക് ശേഷം സ്പെഷ്യൽ എജ്യൂക്കേഷനിലെ ഒരു വർഷത്തെ ഡിപ്ലോമ, കമ്മ്യൂണിറ്റി ബേസ്ഡ് റിഹാബിലിറ്റേഷൻ ഡിപ്ലോമ, മൾട്ടി റിഹാബിലിറ്റേഷൻ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഇതിനോടൊപ്പം സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) പ്രൈമറി സ്റ്റേജ് പാസ്സായിരിക്കണം. കൂടാതെ, ഇന്ത്യൻ റിഹാബിലിറ്റേഷൻ കൗൺസിലിൽ (RCI) റജിസ്ട്രേഷനും നിർബന്ധമാണ്.
പ്രായപരിധി
2026 ജൂലൈ 15-നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പൊതുവിഭാഗം അപേക്ഷകർക്ക് പരമാവധി 30 വയസ്സാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭ്യമാണ്:
- പിന്നാക്ക വിഭാഗം: 3 വർഷം
- പട്ടികജാതി/വർഗ്ഗം: 5 വർഷം
- ഭിന്നശേഷി വിഭാഗം: 10 വർഷം (ഇതിലേക്ക് പിന്നാക്കക്കാർക്ക് 13 വർഷവും, പട്ടിക വിഭാഗക്കാർക്ക് 15 വർഷവും വരെ ഇളവ് ലഭിക്കും).
തിരഞ്ഞെടുപ്പ് രീതി
എഴുത്ത് പരീക്ഷയിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളടങ്ങുന്ന 200 മാർക്കിന്റെ പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്. പരീക്ഷ രണ്ട് ഭാഗങ്ങളായി (Part A & B) തിരിച്ചിരിക്കുന്നു.
- പാർട്ട് എ (100 ചോദ്യങ്ങൾ, 100 മാർക്ക്): ജനറൽ അവേർനെസ്സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, അരിത്തമാറ്റിക്സ് ആൻഡ് ന്യൂമെറിക്കൽ എബിലിറ്റി, ഹിന്ദി, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം എന്നിവയിൽ നിന്ന് 20 ചോദ്യങ്ങൾ വീതം ഉണ്ടാകും.
- പാർട്ട് ബി (100 ചോദ്യങ്ങൾ, 100 മാർക്ക്): വിഷയത്തെക്കുറിച്ചും ടീച്ചിങ് മെത്തഡോളജിയെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുന്നത്.
രണ്ട് സെക്ഷനുകളിലെയും ആകെ മാർക്ക് കണക്കാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.
അപേക്ഷാ ഫീസ്
പൊതുവിഭാഗം അപേക്ഷകർ 100 രൂപ ഫീസായി നൽകണം. അതേസമയം, വനിതകൾ, പട്ടികജാതി/വർഗ്ഗ വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റായ https://dsssbonline.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി വരെ കാത്തുനിൽക്കാതെ നേരത്തെ തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.dsssb.delhi.gov.in സന്ദർശിക്കാവുന്നതാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
